2020, ജൂലൈ 28, ചൊവ്വാഴ്ച



അവിവാഹിതർ 

വിവാഹപ്രായംകഴിഞ്ഞ
(അങ്ങനെയൊന്നില്ലെങ്കിലും!)
അവിവാഹിതരെ
ചൂഴ്ന്നെടുക്കുന്ന
ചില കഴുകൻ കണ്ണുകളുണ്ട് ...

എന്തുകൊണ്ട്
വിവാവാഹിതരാകുന്നില്ല ?
എന്നതിനേക്കാൾ
ആരുമായുമൊക്കെയായാണ്
സംസർഗമെന്നാണ്
സത്യാന്വേഷികൾക്കറിയേണ്ടത് !

പട്ടായയിലോ
ഗുണ്ടൽപേട്ടയിലോ
സോനാഗച്ചിയിലോ
വെടിയുതിർക്കുന്നതിന്റെ
വീരകഥകൾ കേൾക്കാനും
ഇഷ്ടമുള്ളവർ ഏറെയുണ്ട് !

രതി,
അവരവരുടെ സ്വാതന്ത്രത്തിന് 
അങ്ങനെയങ്ങ് വിട്ടുകൊടുക്കാതെ 
സ്വകാര്യതയിലേക്ക് 
നുഴഞ്ഞുകയറുന്നവരുമുണ്ട് !

അവിവാഹിതർ
പലർക്കുമൊരു ചോദ്യചിഹ്നം  .
കാഴ്ചക്കാർക്കവർ 
ആൾത്താമസമില്ലാത്ത,
വിഷസർപ്പങ്ങളിഴയുന്ന 
ദുരൂഹമായ ദ്വീപുപോലെയാണ്...

അവിവാഹിതർ
കെട്ടിയിട്ടില്ലെങ്കിലും
'കെട്ടുകഥ'കളിലെ 
കേന്ദ്രകഥാപാത്രം തന്നെ !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -60)

അമ്മ 

അമ്മ,
യാത്ര പോകുമ്പോൾ 
വെളുപ്പിനുണ്ടാക്കുന്ന 
പൊതിച്ചോറിന്റെ പേര് 

ഭക്ഷണം കുറവാണെങ്കിൽ 
അതെനിക്കിഷ്ടമല്ലെന്നും 
വിശക്കുന്നില്ലെന്നും പറയുന്ന
കരുതലിന്റെ പേര്

തെറ്റുകൾ, ശരികളാക്കി
പരാവർത്തനം ചെയ്ത്
മറ്റുള്ളവരുടെ  മുമ്പിൽ
എന്നെ  പ്രതിരോധിക്കുന്ന
രക്ഷാകവചത്തിന്റെ പേര് 

എന്നെക്കാളിരിട്ടിയിൽ 
എന്റെ സുഖവും ദുഃഖവും
അനുഭവിച്ചറിയുന്ന 
മാനുഷ്യകത്തിന്റെ പേര് 

അസുഖകിടക്കയിൽ 
ഞാനുറങ്ങിക്കിടക്കുമ്പോൾ
കണ്ണടക്കാതെയിരിക്കുന്ന
മരുന്നിന്റെ പേര്  

...എന്റെ വരികൾക്ക് 
പ്രതിഫലിപ്പിക്കാനാകാതെ 
അപൂർണ്ണമായിപോകുന്ന 
സ്നേഹസാഗരത്തിന്റെയും പേര്
അമ്മ !



സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -59)

2020, ജൂൺ 29, തിങ്കളാഴ്‌ച

ജയൻ 

കുഞ്ഞിരാമൻ
നാട്ടിലെ ഒരു ഭ്രാന്തനാണ് .
പേര് കുഞ്ഞിരാമനാണെങ്കിലും 
പഴയ  സിനിമാനടൻ 
ജയന്റെ പേരിലാണ് പ്രസിദ്ധം !

ഭ്രാന്ത്, 
പാതി ജീവിതം കൊടുത്തു 
പാതിയേതൊരു 
ഭ്രാന്തനേയും പോലെ 
നാട്ടുകാരും കൊടുത്തു !

കുഞ്ഞിരാമൻ പോകുമ്പോൾ 

നാട്ടുകാർ വിളിച്ചുചോദിക്കും 
'ജയാ ജയാ' ജയനെ കാണിക്കുമോ'? 
ജയനെ  കാണിച്ചങ്ങനെ 
ജയിച്ചഭാവത്തിൽ നിൽക്കും 
കുഞ്ഞിരാമനങ്ങനെ ജയനുമായി !

വിശന്നാലിടക്കിടെ വരും
വീട്ടിൽ കയറും മുമ്പേ 
കൈകൊണ്ട് ചോദിക്കും 
കഴിക്കുവാനെന്തേലുമുണ്ടോ ?

വിശപ്പാണ്  വലുതെങ്കിലും 

ചില  വീട്ടിലേ  കയറുള്ളു 
ചൂടനാണെങ്കിലുമറിയാം  
ചോറുള്ളവീടും കൂറുള്ള വീടും!

കാപട്യമുള്ളൊരീലോകത്തുനിൻ    
കളങ്കമില്ലാത്തൊരാച്ചിരിയുമായ് 
ജയാ, നീ ജയിച്ചുവോ ജീവിതം?

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -57)

2020, ജൂൺ 27, ശനിയാഴ്‌ച

വിഷാദം


വിഷാദം 
കവിയുടെ
തൂലികയിലേക്കൊഴുകുന്ന 
ഹൃദയ രക്തം ! 

കടലായും 
പുഴയായും
പ്രളയമായും 
അതൊഴുകുന്നു !

ചിലത്,
തടാകങ്ങൾപോലെ 
ഒഴുക്കില്ലാതെ 
മൗനമാകുന്നുമുണ്ട്!
ഒരു കണ്ണാടികണക്ക് 
മനസരോവരത്തിലെ 
ഉപരിതലത്തിൽ
കവിയുടെ രൂപം കാണാം !

അതിശൈത്യത്താൽ 
ലക്ഷ്യത്തിലെത്താതെ 
ഉറഞ്ഞുപോകുന്ന
സമുദ്രങ്ങൾ പോലുമുണ്ട് !
ഒന്നൊഴുകിപോകാൻ 
സൂര്യതാപത്തിനുവേണ്ടി 
അവ കാത്തുകിടക്കുന്നു !

വിഷാദം 
തൂലികയിലെ  
തീയാകുമ്പോൾ 
സ്വയം ചിതയൊരുക്കി 
സതിയനുഷ്ഠിക്കുന്ന 
കവികളുമുണ്ടു് !

മഷി  തീരുമ്പോൾ 
തൂലിക അനാഥമാകുന്നു ! 

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -53 )




'കവിയും കവിതയും' 

എന്റെ കവിതകൾ
സ്വരൂപിച്ചെടുത്ത്
എന്നെ സൃഷ്ടിക്കാൻ
നീ ശ്രെമിച്ചു കളയരുത് !

കുഞ്ഞുങ്ങൾ 
മിന്നാമിനുങ്ങുകൾ
കുപ്പിയിലിട്ട് 
രസിക്കുന്നതുപോലെ 
നിസ്സാരമായ കാര്യമല്ലത് !

കണ്ണുകൾകൊണ്ട്
ആകാശത്തെ നക്ഷത്രങ്ങളെ
പെറുക്കിയെടുക്കാൻ
ശ്രെമിക്കുന്നതുപോലെ
പ്രയാസകരമാണത് !

ഉടഞ്ഞുപോയ
പളുങ്കുപാത്രത്തെ
പുനർജനിപ്പിക്കുന്നത്ര 
ദുഷ്ക്കരം !

ചിതറി വീണ
ഓരോ ചില്ലുകഷണത്തിലും
എന്റെ മുഖം കാണുമ്പോൾ
അകം  കാണാതെങ്ങനെ
നീയെന്നെ സൃഷ്ടിക്കും ?

ഞാൻ
പളുങ്കുപാത്രവുമല്ല 
അതിലെ  ജലമായിരുന്നു
സർവലായകമായ
രൂപമില്ലാത്ത ജലം !

ഉടഞ്ഞുപോയ
പളുങ്കുപാത്രത്തോടൊപ്പം
ജലം ഒഴുകിപോയിരിക്കുന്നു
ഇനി നിനക്കതിൽ
ലയിച്ചുചേരാനാകില്ല !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -54 )

പനിനീർപൂവ്

 ഹാ !
പനിനീർപുഷ്പമേ  
പറയുകയാരാണുനിന്നെ
പ്രണയിച്ചിടുന്നതിത്രയും ? 

എത്ര നനുത്ത ദളങ്ങൾ 
അണിഞ്ഞിരിക്കുന്നു നീ 
എത്ര വശ്യമാം സുഗന്ധം 
പൂശിനിൽക്കുന്നു നീ !

എത്ര മധുരമാം തേൻകണം
അലിവോടെ നൽകുന്നു നീ 
അതുനോവാതെ നുകരുവാൻ  
എത്ര ചിത്രശലഭങ്ങൾ !

ഇത്ര മനോഹരമാം നിറം  
ഇന്ദ്രജാലമോ കിനാവോ?
ഇമയടക്കാതെ കണ്ണുകൾ 
ഈമനംമയക്കും ഭംഗിയിൽ !
കവർന്നെടുക്കാൻവരും 
കരങ്ങളെത്തടയുവാൻ
കാവൽമുള്ളുകളങ്ങിങ്ങ്  
കാലമേ, നീയൊരുക്കിയല്ലോ!  

കുഞ്ഞിളംകാറ്റിൽ നീ 
കൊഴിഞ്ഞുപോമെങ്കിലും 
ക്രൗര്യമാനുഷ്യനെക്കാളും
മനസ്സിലുണ്ടു നീ പുഷ്പമേ 
എൻപ്രിയ, പനിനീർപുഷ്പമേ !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -56 )


'ബലിയാടുകൾ' 

ധീരതയോടെ 
അതിർത്തികളിൽ
രക്തസാക്ഷികളാകുന്ന 
ദേശത്തിന്റെ കാവൽക്കാർ 
ബലിയാടുകൾ തന്നെ !

ഒന്നായ  ഭൂമിയെ 
തുണ്ടുകളാക്കിതിരിച്ച്  
രാജ്യത്തിന്റെ  പേരുനല്കി 
മറുരാജ്യത്തെ  മനുഷ്യനെ
ശത്രുക്കളാക്കിയതാരാണ് ? 

ആകാശവും വായുവും 
ഭൂമിയുമൊന്നാണെന്നിരിക്കേ
ആർക്കുവേണ്ടിയാണ് 
അതിർത്തികളിലൊക്കെ 
മനുഷ്യൻ മരിച്ചുവീഴുന്നത് ?

മനുഷ്യസ്നേഹത്തെ 
ഒന്നായിക്കാണാത്ത 
ഭരണകൂടവും നിയമവും 
അസഹിഷ്ണുതയുടെ 
അണക്കെട്ടുകളാണ് ! 
വരും കാലത്തിന്റെ 
വലിയ സ്നേഹമർദ്ദത്തിൽ  
അവ ഒലിച്ചുപോകും !

പുഷ്പവണ്ടിയിൽ 
ഒരു മൃതദേഹം പോലും 
ഒരുവീട്ടിലുമെത്താതിരിക്കട്ടെ ! 

പക്ഷിക്കുപോലുമറിയുന്ന 
ഏകതയുടെ സ്വർഗ്ഗരാജ്യം 
മനുഷ്യൻ പണിതുയർത്തട്ടെ !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -55 )

2020, ജൂൺ 24, ബുധനാഴ്‌ച

ബ്ലെയ്ഡ് 

ചെറിയതരം 
പെഡിക്യൂറും  
മാനിക്യൂറും ചെയ്യാൻ 
ഒരു ബ്ലെയ്ഡ് ധാരാളം !

എങ്കിലും 
വെറും രണ്ടു രൂപയുടെ 
ഒരു ബ്ലെയ്ഡ് 
ഇരുതല  മൂർച്ചയുള്ള 
മാരകായുധവുമാണ് !

ബ്ലെയ്ഡും 
പ്രണയനിരാശരും 
കൈഞരമ്പുമായുള്ള ബന്ധം 
പ്രണയത്തോളം പഴകിയതും !

മനസ്സുതെറ്റിയനേരം 
ബ്ലെയ്ഡുവഴിയങ്ങ് 
രക്ഷപ്പെട്ടാലോയെന്ന് 
അച്ഛനും തോന്നിക്കാണും !

ജൂലൈമാസത്തിലെ 
കനത്ത മഴയെതോൽപിച്ച് 
കഴുത്തിലെ ഞരമ്പിലൂടൊഴുകിയ 
രക്തപ്പുഴയിലൂടെയാണച്ഛൻ 
കടലിലേക്കൊഴുകിപ്പോയത് !

എന്നും തിരകൾ വന്ന് 
എന്നോടെന്തോ പറയുന്നുണ്ട് ... 


സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -52 )


Like


Comment
Share

2020, ജൂൺ 23, ചൊവ്വാഴ്ച

'എന്റെ കുപ്പായങ്ങൾ '

കുട്ടികാലത്ത് 
എനിക്ക് കുപ്പായങ്ങളില്ലായിരുന്നു ...

സ്കൂളിൽ  പഠിക്കുമ്പോൾ 
സമപ്രായക്കാരായ അയൽക്കാരുടെ  
പഴയ കുപ്പായങ്ങൾ 
അമ്മ വാങ്ങിത്തന്നിരുന്നു. 
പിന്നെ, പെയിന്റുപണിക്കുപോകുന്ന 
പപ്പേട്ടന്റെ റെഡോക്‌സൈഡുവീണ
വെള്ളക്കുപ്പായവുമുണ്ടായിരുന്നു ...

ഹോസ്റ്റലിൽ  ചേർന്നപ്പോൾ 
അമ്മ പണിക്കുപോകുന്ന വീട്ടിലെ 
ടീച്ചറുടെ  മകന്റെ പാകമാകാത്ത 
കുടുക്കുപൊട്ടിയ കുപ്പായങ്ങൾ ...

ബിരുദത്തിനു പഠിക്കുമ്പോൾ 
ബാബുവേട്ടന്റെ  ഇളം പിങ്കും  
സജിയുടെ  മുട്ടമഞ്ഞനിറത്തിലുള്ള 
കടം വാങ്ങിയിടുന്ന കുപ്പായങ്ങൾ ...

ബിരുദാനന്തര ബിരുദത്തിന് 
സമാന്തരമായി  ജോലിചെയ്തതിനാൽ 
മിഠായിത്തെരുവിൽനിന്നും വാങ്ങുന്ന  
നൂറിന്, രണ്ടും മൂന്നും  കിട്ടുന്ന 
നിറം പോകുന്ന കുപ്പായങ്ങൾ ...

ഗവേഷണത്തിനഡ്‌മിഷനായപ്പോൾ 
കാലിക്കറ്റ് സർവകലാശാലയിലെ 
ലൈബ്രെറിയനായിരുന്ന സുജച്ചേച്ചി 
സമ്മാനിച്ച രണ്ടു ജോഡി കുപ്പായങ്ങൾ ... 

ജോലി കിട്ടിയിട്ടും 
കുപ്പായങ്ങൾ നിന്നുപോയില്ല ! 
ബ്രെണ്ണനിലെ ഒരു  എം എ  ബാച്ച് 
ബ്രാൻഡ്  കുപ്പായം തന്നിട്ടു പറഞ്ഞു 
''ഇങ്ങെനെയൊക്കെയിട്ടുനടക്കൂ സാറെ''! 

ട്രാൻസ്ഫെറായിപോകുമ്പോൾ 
ഭാരതി ടീച്ചറാണാദ്യമായൊരു 
ചെക്കു കുപ്പായം വാങ്ങിത്തന്നത് .
പെങ്ങളുടെ കല്ല്യാണത്തിനയിച്ച 
പ്രിയടീച്ചറുടെ  പതിനായിരത്തിൽനിന്ന്  
ആദ്യത്തെ ജീൻസിന്റെ കുപ്പായം ...

പിന്നീടെപ്പോഴോ, 
കുപ്പായങ്ങൾ കൊടുക്കുന്നവനായി 
പരിണമിച്ചപ്പോഴാണ്  
കൊടുക്കുന്നതിലെ സുഖമറിഞ്ഞത് ...


കുപ്പായങ്ങളുടെ പളുപളുപ്പ് 
ഒരിക്കലുമെന്നെ ബാധിച്ചിട്ടില്ലെങ്കിലും
എനിക്കു കിട്ടിയ കുപ്പായങ്ങളൊക്കെ 
മനസ്സിലിരുന്ന് മിന്നിയവെളിച്ചത്തിലാണ് 
ഇരുട്ടുഞാൻ കെടുത്തിയതൊക്കെയും !

ഇനി ഞാൻ 
അവസാനത്തെ  വെള്ളക്കുപ്പായം 
സന്തോഷത്തോടെ പുതക്കും !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -50 )




കോലാട് 

കഥാനന്തരം
റീനടീച്ചറാണെന്നെ
കോലാടെന്നു വിളിച്ചത് ...

പണ്ട്, മാധവിക്കുട്ടിയുടെ
വീടുപണിക്കുപോയിരുന്നയമ്മ
അമ്മയുടെ അസമയത്തുള്ള
തലമുറകളിലൂടെയുള്ള
എങ്കിലുമാത്മാര്ഥതയോടെ ചെയ്ത
കോലാട്


കോലാട് വായിച്ചപ്പോൾ
അമ്മയെക്കുറിച്ചുതോന്നിയ
അതേകാര്യം തന്നെ !

അവിടുത്തെ  മഞ്ഞൾനടുന്നതും
നെല്ലുപുഴുങ്ങുന്നതുമോർത്ത്
അർദ്ധരാത്രിയിലുമാധിപൂണ്ടു !

നെടുവീർപ്പുകളന്നെനിക്ക്
ഇഷ്ടമല്ലായിരുന്നെങ്കിലും
കാലാന്തരത്തിലമ്മയെത്തന്നെ
അനുകരിച്ചിട്ടുണ്ട് ഞാൻ !

കോലാടുകളുടെ സഞ്ചാരം
അത്ര ഭംഗിയുള്ള  കാര്യമല്ല.
ഇറച്ചിക്കാരനുപോലും വേണ്ടാത്ത
അവഗണനയാണവസാനം !

ഹൃദയത്തിന്റെ  ഒപ്പുകളോർത്ത്
കോലാട്  നിരാശപ്പെടാറില്ല;അതെത്ര
തോൽവിയും ദുഖവുമാണെങ്കിലും !

കൂട്ടം തെറ്റിയ  കുഞ്ഞാടാണ് .
അതിനെയന്വേഷിച്ച്‌
സ്നേഹമയനായ  ഒരാട്ടിടയൻ
മലയിറങ്ങി വരികതന്നെ ചെയ്യും !

സനീഷ് കായണ്ണ ബസാർ

(കൊറോണക്കാലത്തെ കവിതകൾ -49  )

'കരിയില'

ഇല
മരവുമായ്
പ്രണയത്തിലായിരുന്നു ...
മരം പക്ഷെ 
ഇലയെ കൊഴിച്ചിരിക്കുന്നു !

അനേകായിരം 
ഇലകൾക്കിടയിൽ
ഒരില !
മരത്തിനു തീർത്തും
അപ്രസക്തം തന്നെയാണ് !

മരത്തിനുവേണ്ടി
ആഹാരം വെച്ചത്
മഴയേൽക്കാതെ
മരത്തിന്‌ കുടചൂടിയത്
വെയിലേൽക്കാതെ
മരത്തെ പൊതിഞ്ഞതങ്ങനെ
കരിയിലക്കുമുണ്ടായിരുന്നു
കണക്കുപറയാത്ത സ്നേഹം !

മരത്തിനുചുവട്ടിൽ
മണ്ണായിത്തീരുവാൻ, 
മരം വലിച്ചെടുക്കുമ്പോൾ 
മരത്തിലേക്ക് മടങ്ങിപ്പോകാൻ
കാറ്റുവന്നുവിളിച്ചിട്ടും
ചിറകില്ലാത്ത പ്രണയവുമായി
കരിയില കാത്തുകിടക്കുന്നുണ്ട്!

നിന്റെ കാലുകളതിനെ  
ചുംബിക്കാതിരിക്കട്ടെ !


സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -48 )

'ലഹരി' 

നിന്റെയൊരുപാട്
ആഗ്രഹങ്ങൾക്കിടയിൽ 
ഒരേയൊരാഗ്രഹം മാത്രം
അതിതീവ്രമായിരിക്കണം !

കാറ്റിലതണയില്ല

കൊടുംചൂടതുരുക്കില്ല  
പ്രളയമതൊഴുക്കില്ല 
അഗ്നിയത് ദഹിപ്പിക്കില്ല !  

അതില്ലെങ്കിൽ

നീയുണ്ടായിരിക്കരുത്.
അതിലുറങ്ങിയുണർന്ന് 
നീ ജീവിക്കുകതന്നെചെയ്യും !

ഒടുവിലാസ്വപ്നത്തിൽ 

സമയമേറ്റവും വേഗത്തിൽ
പറന്നുപറന്നു പോകും!
പിന്നീടുള്ള നിന്നെ
നിർവചിക്കുന്നതും 
അതുതന്നെയിരിക്കും !
  
അത്, ജീവിതത്തിന്റെ
ഒരേയൊരു ലഹരി! 

കോറോണക്കാലത്തെ കവിതകൾ -47 
സനീഷ് കായണ്ണ ബസാർ 

ജോർജ് ഫ്ലോയ്ഡ്

ഓ, ജോർജ് ഫ്ലോയ്ഡ് 
എനിക്ക്  ശ്വസം മുട്ടുന്നു* !

കഴുത്തിൽ കാൽമുട്ടമർത്തി
നിന്നെ ഞെരിച്ചു കൊന്നവനെ 
വെളുത്തവനെന്നുവിളിച്ച് 
വെളുത്തവരെയാകെത്തന്നെ 
അപമാനിക്കാനെനിക്കിഷ്ടമല്ല!

ഞാനവനെ,  
ഏറ്റവും മാന്യതയോടെ 
ലോകത്തിലെ തന്നെ 
ഏറ്റവും നികൃഷ്ടനായ 
കിരാതനെന്നു വിളിക്കട്ടെ !

ഓ, ജോർജ് ഫ്ലോയ്ഡ് 
കൊല്ലുന്നവനോടുപോലും  
ഇത്രമേൽ  ബഹുമാനത്തോടും  
അനുകമ്പയോടും  സംസാരിച്ച് 
അതിമാനുഷനാകാൻ 
നിനക്കെങ്ങനെ  സാധിച്ചു ?

നിന്നെ കൊന്നവനോടൊപ്പം
അവൻ ലോകത്തിന്റെ  
മറുഭാഗത്താണെങ്കിൽപോലും,
ലോകം പങ്കിടണമെന്നോർത്ത്,
എനിക്ക് ശ്വസം മുട്ടുന്നു !

അവന്റെ സാന്നിധ്യം 
അന്തരീക്ഷത്തെയാകെത്തന്നെ 
വിഷമയമാക്കിയിരിക്കുന്നു.
അവന്റെയതേ പ്രാണവായു
ഞാനും ശ്വസിക്കുന്നതോർത്ത്  
എനിക്ക് ശ്വസം മുട്ടുന്നു !


*ജോർജ് ഫ്ലോയിഡിന്റെ അന്ത്യവാചകം 



സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -51 )

2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

കോറോണക്കാലത്തെ കവിതകൾ -23 

സ്വർണ്ണഖനി 

ആറിൽ പഠിക്കുമ്പോൾ 
സാമൂഹിക ശാസ്ത്രം ക്ലാസ്സിൽ 
മാഷാണ്  പറഞ്ഞത് 
'സ്വർണ്ണം, 
മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നു'!

ഹാ ! വിലപിടിപ്പുള്ള സ്വർണ്ണം !
അത്, ചേനയും ചേമ്പും പോലെ 
മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നത്രെ !
വീട്ടിലാണെങ്കിൽ 
ഒരു തരി സ്വർണ്ണമില്ല 
ദാരിദ്ര്യം കുന്നോളവും !
എനിക്ക്  വെളിപാടുണ്ടായി .

വീട്ടിലെത്തേണ്ട  താമസം 
തൂമ്പയുമെടുത്തുഞാൻ 
പിന്നാമ്പുറത്തേക്കു നടന്നു .
സ്വർണ്ണഖനനമാണ്  പദ്ധതി.
കളിക്കൂട്ടുകാരെ  വിളിച്ചില്ല 
സ്വർണ്ണം  പങ്കിടാനിഷ്ടമല്ല.
തികഞ്ഞ  സ്വാർത്ഥത !  

അതിരഹസ്യമായ  ഖനനം. 
കൊത്തിക്കുഴിച്ചങ്ങനെ 
അതിരോളമോ, അപ്പുറമോ 
എത്തിയെട്ടെന്തു  ഫലം ?!
സ്വർണ്ണവുമില്ല , ചേനയുമില്ല .
കയ്യിലെ നീർക്കുമിള മിച്ചം !

കാലം കടന്നുപോയ്.
സ്വർണ്ണത്തിനു വിലകൂടി 
സ്വർണ്ണത്തോടെനിക്ക് 
വിലയില്ലാതായി .
എങ്കിലുമോർമ്മകളിൽ 
ആ  സ്വർണ്ണഖനിയുടെ 
കുഞ്ഞുസുൽത്താൻ  
ഇന്നും  ചിരിപടർത്താറുണ്ട് .

ഏതോ, ഒരറബിക്കഥപോലെ ...
  
സനീഷ്  കായണ്ണ ബസ്സാർ 

വയറുനിറച്ച്‌
ഭക്ഷിച്ചിരിക്കുന്ന സമയം 
അതികൗതുകകരമായ 
ഒരു വിചാരം!

പെണ്ണുകെട്ടിയാൽ 
അവൾക്കുവേണ്ടി 
കാല്പനികതയോടെ  
എന്തൊക്കെ ചെയ്യും?

അവൾ കറുത്തിട്ടാണെങ്കിൽ,
കോട്ടൺ തുണിയുടെ 
കറുത്ത ബ്ലൗസുടുപ്പിച്ച്‌
കറുത്ത ബോർഡറുള്ള 
വെളുത്ത സാരിയുടുപ്പിക്കും!

അവൾ വെളുത്തിട്ടാണെങ്കിൽ,
കോട്ടൺ തുണിയുടെ
വെളുത്ത ബ്ലൗസുടുപ്പിച്ച്‌
വെള്ള ബോർഡറുള്ള 
കറുത്ത സാരിയുടുപ്പിക്കും! 

ഇരുനിറമാണെങ്കിൽ,
തൂവെള്ളയിൽ 
ചുമന്നതോ നീലയോ ആയ 
ചെറിയ പൂവുകൾ 
അങ്ങിങ്ങലങ്കരിച്ച  
വസ്ത്രമുടുപ്പിക്കും!

മുഖം,
സിന്ദൂരമിടരുത്
പൊട്ടു തൊടരുത് 
മഷിയെഴുതരുത്  
മൂക്കുത്തിയണിയരുത് 
ചായം തേക്കരുത്
ചെറുമന്ദഹാസം വേണം!

മുടി,
കെട്ടിയിടരുത്‌ 
കാച്ചെണ്ണ തേക്കണം 
അധികം  വലുതല്ലാത്തയൊറ്റ 
ചുമന്ന ചെമ്പകം വെക്കണം!

ആഭരണം,
ഒട്ടുമിഷ്ടമല്ലെങ്കിലും 
കഴുത്തിൽ 
പച്ചരത്നമുള്ള 
നാഗപടത്താലി 
ഞാന്നുകിടക്കണം!

ഒരുപക്ഷേ ,
ഒരു യക്ഷിയെപ്പോലെ 
നിനക്കിതുതോന്നാമെങ്കിലും 
ഇതാണെന്റെ  മറുപാതി!

ഈ സ്ഥിതിക്ക്  
ഒന്നുകെട്ടിക്കൂടെ  മനുഷ്യാ?
അയ്യോ!
എന്റെ കല്പനകളിലെ  
കൗതുകങ്ങൾ മാത്രമാണിത്.
വിശന്നാൽ ഇല്ലാതാകുന്നത്.
അതൊക്കെ 
അങ്ങനെതന്നെയിരിക്കട്ടെ! 


  
  

കോറോണക്കാലത്തെ കവിതകൾ -15  

'റിഥം  ഓഫ് യൂണിവേഴ്‌സ് '

പ്രപഞ്ചം 
താളലയമാണ് .

താളമുണ്ടെങ്കിലേ 
ലയനം നടക്കൂ .
ലയനം നടന്നാൽ 
ആസ്വാദനം !

ഉദാഹരിച്ചാൽ 
മനുഷ്യന്റെ 
ഒരു താളലയമാണ് 
ജീവകാലഘട്ടമായ 
ബാല്യം, കൗമാരം 
യൗവനം , വാർദ്ധക്യം.
വിചാര-വികാരങ്ങൾ 
ഈയൊരുതാളലയത്തിൽ 
സംക്രമിക്കുമ്പോൾ   
ആസ്വാദനം !

ഉദാഹരണം 
കൗമാരത്തിൽ,
മരണം ഭയന്ന മനുഷ്യൻ
വാര്ധക്യത്തിൽ ,
മരണത്തെ കൊതിക്കുകയും 
'എന്നെയങ്ങെടുക്കണേ' യെന്ന് 
പ്രാർത്ഥിക്കുകയും ചെയ്യുന്നു .
അതാണ് 'താളലയാസ്വാദനം'! 

താളലയത്തിനു
പുറത്താകുമ്പോഴാണ്
പ്രപഞ്ചത്തിൽ
ചോറ് അടിക്ക് പിടിക്കുന്നത്
അഗ്‌നിപർവതം പുകയുന്നത്
നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നത് !
മനുഷ്യനിലത്
നന്മയും സന്തോഷവും
സംതൃപ്തിയും നശിക്കലാണ്!

പ്രപഞ്ചം 
താളലയമാണ് .
അത് ശാന്തവും 
സൗന്ദര്യവുമാണ്.  

ഒഴുകൂ,
താളലയത്തിലെങ്ങനെ ...



സനീഷ്  കായണ്ണ ബസ്സാർ 





























..........
ഒന്നും മനസിലായില്ലേ 
കുറച്ചൊക്കെ  മനസിലായോ 
പൂർണമായും മനസിലായോ ?
തൊട്ടുമുകളിലെ  മൂന്നുവരികൾ 
അറിവിന്റെ ഒരു താളലയമാണ് .

അജ്ഞത-അറിവ്-പൂർണ്ണജ്ഞാനം!


ഇന്നലെ കണ്ട സ്വപ്നം

തലവാചകം
വായിച്ചല്ലൊ. 
അതൊരു 
തീവണ്ടിയാത്രയാണ്‌...  

അതൊരു 
ദൂരയാത്രയും 
മടങ്ങിവരുമോയെന്നു 
നിശ്ചയമില്ലാത്തതുമാണ്...

ദുഃഖത്തോടെയാണോ 
സന്തോഷത്തോടെയാണോ 
പോകുന്നതെന്നുപോലും 
നിർണ്ണയിക്കാനാകുന്നില്ല ... 

മൂന്നുപേർക്ക് 
കയറിപ്പറ്റാൻ  കഴിഞ്ഞില്ല !
അതിലൊന്ന് കമിതാക്കളം 
മറ്റൊന്ന്, എന്റെപ്രിയസുഹൃത്തും.

അതൊരു  
മരണവണ്ടിയാണോ?
ആണെങ്കിൽ 
എന്റെയാഗ്രഹങ്ങ ൾ   
പൂർത്തിയാക്കാതെയാണ്   
ഞാൻ പോയിട്ടുണ്ടാകുക !
എന്റെയാഗ്രഹങ്ങളിൽ പലതും 
മറ്റുള്ളവരുടെ  
സ്വപ്നങ്ങളായിരുന്നു 
അതിനിനിയും 
സമയം വേണമായിരുന്നു ! 

ആരായിരുന്നു 
ആ കമിതാക്കൾ ?
അതെന്റെ സ്നേഹം തന്നെ .
അതിലമ്മയുണ്ട് 
എല്ലാ മനുഷ്യരുമുണ്ട്
പൂവുകളും പുഴയുമുണ്ട്.

ആ പ്രിയ സുഹൃത്ത് ? 
കരളിൽ രണ്ട് ദ്വാരമുള്ള  
അവന്റെയാഗ്രഹങ്ങളൊക്കെ 
സഫലമാക്കപ്പെട്ട്‌ 
അവൻ  പിന്നെ വരട്ടെ !

എന്തായാലും 
ആ തീവണ്ടി മടങ്ങിവരണം 
എന്നാഗ്രഹിച്ചുകൊണ്ടായിരിക്കും 
ഞാനിന്ന്  ഉറങ്ങാൻ കിടക്കുക... 

സ്നേഹിച്ച്‌ കൊതിതീരാത്തവൻ... 

2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

കോറോണക്കാലത്തെ കവിതകൾ -21

അനന്തരം ...

അനന്തരം
നിനക്ക് സ്വാതന്ത്രം കിട്ടും...

അപ്പോൾ

പക്ഷിയുടെ കൂട്
തുറന്നുവിടണം

വർണ്ണമത്സ്യത്തിന്റെ 

ചില്ലുപാത്രമുടച്ച്‌
മോചിപ്പിക്കണം

ചങ്ങലകളഴിച്ച്‌

ഭയത്തിൽനിന്നും
വളർത്തുമൃഗങ്ങളെ
സ്വതന്ത്രരാക്കണം

ചെടികൾ 

വെട്ടിയൊതുക്കാതെ
അതിന്റെയിഷ്ടത്തിന്
വളരാനനുവദിക്കണം 

നിന്റെയിഷ്ടങ്ങളിലൂടെ

ലോകത്തെ കാണാതെ
അതിനെ അതായിരിക്കുവാൻ 
അനുവദിക്കണം 

അടിമയാക്കുന്ന നിന്റെ

അപാരമായ  ബുദ്ധി
ആദ്യം  തന്നെ
അവസാനിപ്പിക്കണം 

കുറച്ചുകാലത്തെ

കോറോണത്തടവറ
ഇത്രയെങ്കിലും  നിന്നെ
പഠിപ്പിച്ചിരിക്കണം .

അല്ലെങ്കിൽ

ആയുഷ്‌ക്കാലമോ
തലമുറകൾ തന്നെയോ
തടവിലാക്കപ്പെട്ടവർക്കായ്
കണക്കുചോദിക്കാൻ
കാലമിനിയും വരും 

നിനക്ക്

കാണാൻ പോലുമാകാത്ത
സൂക്ഷ്മജീവികളുമായ് ...

              സനീഷ് കായണ്ണ ബസ്സാർ