2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

ചതി



   നീ 
   പാവങ്ങളും 
   പട്ടിണിയുമുള്ള 
   എന്‍റെ  നാട്ടില്‍ 
   വിരുന്നുവന്നവനായിരുന്നു!

   ആഹാരവും 
   ആവാസവും തന്നപ്പോള്‍ 
   നീയെനിക്ക് ദൈവസമം!

   വിശുദ്ധ പുസ്തകങ്ങളെല്ലാം 
   ഒരേ സത്യം പറഞ്ഞിട്ടും 
   നീ നിന്‍റെ പുസ്തകമെടുത്ത്‌ 
   എന്‍റെ  കൈകളില്‍ വച്ചു!

   അനന്തരം 
   നിന്‍റെ ദൈവത്തിന്  
   ഞാന്‍ അടിമപ്പെട്ടു!

   മഹാഗ്രന്ഥം  
   എന്നെ മോചിതനാക്കട്ടെ.
   ദൈവം നിന്നെയും! 



2012, ജൂൺ 18, തിങ്കളാഴ്‌ച

മഴ

 

  മഴ,
  ആരും കാണാത്ത 
  എന്‍റെ കണ്ണീരിനെ 
  കൊണ്ടുപോയിരിക്കുന്നു...

  കാറ്റ്,
  ഇലത്തുമ്പിലൂടെ വന്ന് 
  എന്‍റെ  നിശ്വാസങ്ങളെ 
  കവര്‍ന്നെടുത്തിരിക്കുന്നു...

  ഇടി,
  ഇടക്കിടെ വന്ന് 
  നിലച്ചുപോയ എന്‍റെ  ഹൃദയത്തെ 
  സ്പന്ദിപ്പിക്കുന്നു...

  മിന്നല്‍,
  രാത്രി വഴിമറക്കുമ്പോള്‍
  വരുന്നില്ലേയെന്നുചോദിച്ച്   
  വീട്ടിലേക്കുള്ള വഴിയേ 
  മുമ്പേ നടക്കുന്നു...

  മഴ,
  എന്‍ പ്രിയകൂട്ടുകാരി 
  ഞാന്‍ ചോര്‍ന്നുതീരും വരെ 
  അവള്‍  പെയ്തുകൊണ്ടേയിരിക്കും!




 

2012, മേയ് 19, ശനിയാഴ്‌ച

ശ്രീബലി


  















   ശ്രീ ബലി  
  കഴിഞ്ഞിരിക്കുന്നു ...
  
  തെരുവില്‍ 
  ചങ്ങാതിയുടെ 
  വെട്ടിമുറിക്കപ്പെട്ട തിരുജഡം.
  ശത്രുപാളയത്തില്‍ 
  മൂര്‍ച്ച  കൂട്ടപ്പെടുന്ന 
  ആയുധങ്ങളുടെ സീല്‍ക്കാരം.
  ശവപ്പക്ഷിയുടെ 
  ചോരയുണങ്ങാത്ത ചുണ്ടില്‍
  പുതിയ ഇരയുടെ പ്രാണരോദനം.
  തോല്‍വിമാത്രമുള്ള യുദ്ധത്തില്‍ 
  തോറ്റവരുടെ  വിജയഹാസം.
  കണ്ണുകെട്ടിയ നീതിപീഠവും
  കണ്ണുവറ്റാത്ത  അമ്മയും 
  പതിവുപോലെ  ശേഷിച്ചു!

  വീണ്ടും 
  ശവങ്ങളുടെ മണം 
  ഭരണത്തിന്റെ നിരോധനാജ്ഞ
  ഭയം തിന്നുവളരുന്ന കുഞ്ഞുങ്ങള്‍.
  വയ്യ സുഹൃത്തേ, ഇനിയും!
  ജീവിക്കാനുളള  കൊതികൊണ്ട് 
  ഒരിക്കല്‍ക്കൂടി ചോദിക്കട്ടെ 
  ഞാന്‍ ജീവിച്ചോട്ടെ ?