2018, ജൂലൈ 18, ബുധനാഴ്‌ച

സുഹൃത്ത്

അയാൾ
ഊരിപിടിച്ച
കത്തിയുമായ്
അകത്തുതന്നെയുണ്ട്...

പകൽ
കെട്ടിപിടിച്ചു
സെൽഫിക്ക്
ചേർന്നുനിൽക്കും

രാത്രി
പിന്നിലൂടെ
കൈകൾ കെട്ടി
ശത്രുവിന്
മർമ്മം
കാണിച്ചുകൊടുക്കും!

ശേഷം
അജ്ഞാതവും
സുരക്ഷിതവുമായ
കേന്ദ്രത്തിൽ
സുഖവസിക്കും !

അവനാണ്
'സുഹൃത്ത്'  !  

2018, ഏപ്രിൽ 10, ചൊവ്വാഴ്ച

ജ്യോതിഷം


രാഹുകാലവും
ചൊവ്വാദോഷവും
മുഹൂർത്തവും
കല്യാണദിനവും
ഗണിച്ചെടുക്കുന്ന
ജ്യോതിഷിമാർ
ഹർത്താൽദിനം കൂടി
അങ്ങ്പറയണം !
അതാണ്  അതിന്റെ ഒരിത് !
ഏത് ?!

2018, മാർച്ച് 26, തിങ്കളാഴ്‌ച

ജട്ടി

'ജാതി'
ഇംഗ്ലീഷിലെഴുതിയപ്പോൾ
'ജട്ടി' എന്നുവായിച്ച
കുട്ടിയുണ്ടായിരുന്നു!

അവൻ
ശരിയായിരുന്നു!
ജാതി
ജട്ടിപോലെയാണ്.
ഇടാം
ഇടാതിരിക്കാം
കളയുകയുമാകാം.

...ആയതിനാൽ
ആതിരയുടെ*
പുടവ
ജാതിക്കോമരങ്ങൾ
കോണകമായി
ഉപയോഗിക്കട്ടെ!

അവർ
മദ്യത്തിന്റെ
ബോധക്കേടിലും
ബോധ്യത്തോടെ
ജാതി
സൂക്ഷിക്കുന്നുണ്ട്!

*ദളിതനെ വിവാഹം കഴിക്കുന്നതിനാൽ പിതാവ് കുത്തിക്കൊന്ന പെൺകുട്ടി 

2018, മാർച്ച് 4, ഞായറാഴ്‌ച


കാട്



മധുമാർ
ഇനി
നാടിറങ്ങണ്ട !

നാട്ടിൽ
നിയമവും
മനുഷ്യനുമാണ് !

കാട്ടിൽ
കരടിയും
കഴുകനും
നിന്നെ
സംരക്ഷിക്കുo
സ്നേഹിക്കു൦ !

വസന്തം
കാട്ടിൽ
മാത്രമത്രെ !


2018, മാർച്ച് 2, വെള്ളിയാഴ്‌ച

ഉള്ളി

ഉള്ളീ
ക്ഷമിക്കുക !

നീ
സമൂഹ
സമക്ഷത്തിങ്കൽ
അപമാനിക്കപ്പെട്ടിരിക്കുന്നു !

നിനക്കുവേണ്ടി
ഒരു മനുഷ്യനെ
കൂട്ടം ചേർന്ന്
തല്ലിക്കൊന്നിരിക്കുന്നു !

തൊലിയിൽപോലും
കണ്ണുനീരുള്ള
ഉള്ളീ
നീയെത്ര ശ്രേഷ്ഠം  !

വരണ്ട
കണ്ണുകൾ
ഈ ഭൂമിയെ
മരുഭൂമിയാക്കുന്നു!

ഉള്ളീ
നിന്റെ അപമാനത്തിന്
ഞാൻ
മാപ്പുചോദിക്കുന്നു !

2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച

എന്നെയവർ *


മധു. 
മധുരമറിയാത്ത  
കയ്പുമാത്രമറിഞ്ഞ 
ആദിവാസി !

അരിയും മല്ലിയും 
മോഷ്ടിച്ചതാണ് കുറ്റം !
അവനുവേണ്ടി 
ചിലവാക്കപ്പെട്ട കോടികൾ 
നിന്റെ വയറ്റിലായതുകൊണ്ടാണ് 
അവന്  വിശന്നത് ! 

ചിലപ്പോഴൊക്കെ 
വിശക്കുന്നവന്റെ 
ഒരേയൊരവകാശവും 
പ്രത്യയശാസ്ത്രവും 
മോഷണം മാത്രമാണ് !

അമ്മ ഉരുട്ടിത്തന്നത്
തീട്ടമായതുകൊണ്ടാണ്  
ഒരുപിടിച്ചോറിലെ
സ്നേഹവും സൗഖ്യവും
നീയറിയാതെ പോയത് !

അവന്റെ മണ്ണിലാണ് 
നീ മാളിക പണിതത് 
കൃഷിയിറക്കിയത് 
അവനെത്തന്നെ
അടിമയാക്കി 
പണിയെടുപ്പിച്ചത് !

മാറിമാറി വരുന്ന 
അധികാരത്തിന്റെ അപ്പം 
നക്കുന്നതുകൊണ്ടാണ് 
അന്ധയായ നീതിദേവത 
എന്നും നിന്റെ കൈകളിൽ !

കൊടിയും 
പുണ്ണ്യഗ്രന്ഥവും
തിരിച്ചെടുക്കുക !
നിന്റെ തന്തയും തള്ളയും 
ഉണ്ടാക്കിയതല്ലാത്ത 
അവന്റെ  'കാടും മണ്ണും' മാത്രം 
തിരിച്ചുനൽകുക !

സെൽഫിയെടുത്തശേഷം 
സൂക്ഷിച്ചുനോക്കിയോ ?
കാട്ടിലെ  അവനെക്കാളും 
നാട്ടിലെ നീ തന്നെയാണ് 
അപരിഷ്‌കൃതൻ 
ഗുഹാമനുഷ്യൻ!

എന്നിട്ടും ...



*  ശ്രീ മധുവിന്റെ മരണമൊഴി .

2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

കൊലാലയം


കുടിവെള്ളം തേടി
വെള്ളക്കുപ്പി വാങ്ങാൻ
ശമ്പളമില്ലാത്ത  കുട്ടികൾ
പിച്ചക്കാരുടെ ശബ്ദത്തിൽ
സ്റ്റാഫ്റൂമിലെത്തി
ദൈന്യതയോടെ വിളിക്കുന്നു
'സാറേ'...!

മൂത്രമൊഴിക്കാൻ
സ്ഥലവും സൗകര്യവുമില്ലാതെ
പെൺകുട്ടികൾ
മൂത്രഗർഭം പേറി നടക്കുന്നു !

കക്കൂസ് ഖജനാവ്
നിറഞ്ഞുകവിഞ്ഞതിനാൽ
സെന്റർ സ്ക്വയറിൽ*
'കാര്യം' സാധിക്കുന്ന
ഹോസ്റ്റലിലെ കുട്ടികൾ!

പഠനദിവസങ്ങൾ
കിട്ടിയില്ലെങ്കിലും
ഊഹങ്ങളിൽനിന്നും
ചോദ്യപേപ്പർ
തയ്യാറാക്കേണ്ടി വരുന്ന
മജീഷ്യൻമാരായ
എന്റെ പ്രിയ സഹപ്രവർത്തകർ!

ആകാശത്തുനിന്നും
അപ്പപ്പോൾ വരുന്ന ജോലികൾ
"ഇതെന്റെ ഡ്യൂട്ടിയല്ല
ഇതുനിന്റെ ഡ്യൂട്ടിയാണ് "
എന്നും മറ്റുമൊക്കെ പറഞ്ഞും
പറയാതെ പറഞ്ഞും
ജോലികൾ ചാർത്തിക്കൊടുത്ത്
ശത്രുക്കളായിപ്പോയ
ആത്മമിത്രങ്ങളായ
അനദ്ധ്യാപകവിഭാഗം!

ഇത്
കലകളുടെ മൃതിയിടം.
മഹാ –അരാജകീയം!

തിരക്കായ തിരക്കിനിടയിൽ
ഇത്തിരി സമയം കിട്ടിയിരുന്നെങ്കിൽ
ഒന്നുപോയി കെട്ടിത്തൂങ്ങിയേനെ!

* a shopping mall, near to maharaja's college.